ആമുഖം

സുല്‍ത്താന്‍ ബത്തേരി നഗരസഭ - കിഴക്ക് രേഖാംശം 760, 04, 10 നും 760, 26, 11 നും വടക്ക് അക്ഷാംശം 110, 26, 28 നും 110, 48, 22 നും ഇടയിലായി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്‍റെ മുഖ്യധാരയിലൂടെ ചരിത്രത്തിന്‍റെ ചാലുകള്‍ തേടിച്ചെല്ലുന്ന ഒരന്വേഷകന് വയനാടിന്‍റെയും സുല്‍ത്താന്‍ബത്തേരിയുടെയും ചരിത്രംതേടി ഒട്ടധികമൊന്നും സഞ്ചരിക്കേണ്ടിവരുന്നില്ല. അത്രമാത്രം ചരിത്രത്തിന്‍റെ മേഖലകളില്‍ ചിതറികിടക്കുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കുറേക്കൂടി വ്യക്തമായ ഒരു ചരിത്രം വയനാടിന് ലഭ്യമാകുന്നു. വയനാടിന്‍റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി വസ്തുതകള്‍ സുല്‍ത്താന്‍ ബത്തേരി എന്നറിയപ്പെടുന്ന പ്രദേശത്തിന്‍റെ പ്രാചീന ഘട്ടത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്.

വയനാടിനെ കുറിച്ചുളള ആധികാരിക പഠനങ്ങളിലെല്ലാം തന്നെ ഗണപതിവട്ടത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വയനാടിനെ കുറിച്ചുളള പഠനങ്ങള്‍ ആരംഭിക്കുന്നത് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണകാലത്താണ്. വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയ്യില്‍ നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനിഭരണകാലം 1858-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈയ്യില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നത് വരെ അത് തുടര്‍ന്നു. പിന്നെ 1947-വരെ മലബാര്‍ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. പഴശ്ശിരാജയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മില്‍ ഘോരമായ യുദ്ധം നടന്ന 1800-ല്‍ ആണ് ഫ്രാന്‍സിസ് ബുക്കാനന്‍ മലബാറിലെ സമ്പത്തുകളെപറ്റി സര്‍വ്വേ നടത്തിയത്. അദ്ദേഹത്തിന് യുദ്ധം കാരണം അധികമൊന്നും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

വയനാട്ടില്‍ ആദ്യമായി ഒരു റവന്യൂ സെറ്റില്‍മെന്‍റിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ് കലക്ടറായിരുന്ന ടി.എച്ച് ബാലന്‍ ആണെന്ന് എച്ച്.എസ്. ഗ്രാമെയുടെ റിപ്പോര്‍ട്ടില്‍ പയറുന്നുണ്ട്. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രാകൃത അവസ്ഥയിലുളള വയനാട് സാവധാനം ആധുനികവല്‍ക്കരിക്കപ്പെടുന്ന ചരിത്രമാണ് 34 വര്‍ഷത്തിനുശേഷം റോബിന്‍സണ്‍ തയ്യാറാക്കിയ രേഖയില്‍ കാണുന്നത്. ഗ്രാമെയുടെ കാലത്ത് മൂന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഭരണ സൗകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയുണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഗണപതി പാളയം എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെക്കുറിച്ചും ബ്രിട്ടീഷ് രേഖകളില്‍ പരമാര്‍ശിക്കപ്പെടുന്നുണ്ട്.

ഹൈദരലിയുടെയും ടിപ്പുവിന്‍റെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഗണപതിക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമെന്നാക്കി മാറ്റിയത് എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. ചെറിയ ജനപഥമായി ദശാബ്ദങ്ങള്‍ അറിയപെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്‍റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്‍റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ Sulthan Battery എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തില്‍ ഒരു വാണിജ്യകേന്ദ്രമായും മൈസൂറിലേക്കുളള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്ന് വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലുംകൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതിവട്ടം വളരുകയായിരുന്നുവെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല.

20-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ നടന്ന കുടിയേറ്റം സുല്‍ത്താന്‍ബത്തേരിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി. മദ്ധ്യ തിരുവിതാംകൂറില്‍ നിന്നും തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും ജീവിതത്തിന്‍റെ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങള്‍ തേടിയെത്തിയ കര്‍ഷകജനത ഈ മണ്ണില്‍ അദ്ധ്വാനത്തിന്‍റെ പുത്തന്‍ ഇതിഹാസം രചിക്കുകയായിരുന്നു. പതുക്കെപ്പതുക്കെയായിരുന്ന ജനസംഖ്യാവര്‍ദ്ധനയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായത്, കുടിയേറ്റക്കാരുടെ പ്രവാഹം മൂലമാണ്. മലമ്പനിയോടും, വന്യമൃഗങ്ങളോടും മാറാവ്യാധികളോടും പോരാടി കന്നിമണ്ണില്‍ ജീവിതം കരുപിടിപ്പിച്ച കര്‍ഷകജനതക്കായി 1934-ല്‍ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങിനെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ ഭരണത്തില്‍ നിന്ന് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്‍റെ ഭരണത്തിലേക്ക് മാറി.

നഗരസഭയുടെ സുദീര്‍ഘമായ ചരിത്രത്തിന് വികസനത്തിന്‍റേയും വളര്‍ച്ചയുടേയും നിറമുതിരുന്ന ഒട്ടനവധി ചിത്രങ്ങളുണ്ട്. അതാതുകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങള്‍ നഗരസഭയുടെ വികസന ചരിത്രത്തില്‍ വളരെ വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. വിമുക്ത ഭടന്‍മാര്‍ക്ക് സ്ഥലം നല്‍കാനായി സര്‍ക്കാര്‍ എടുത്ത തീരുമാനം 1947-48 കാലഘട്ടത്തില്‍ ഒട്ടനവധി വിമുക്ത ഭടന്‍മാരെ വയനാട്ടിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. ഇന്ന് കോളനൈസേഷന്‍ സ്കീം എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത പരിപാടിയുടെ ഭാഗമായി അവിഭക്ത കിടങ്ങനാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയൊരു കുടിയേറ്റം തന്നെയുണ്ടായി. വയനാട്ടില്‍ കാര്‍ഷിക വിപ്ലവത്തിനും വികസന പ്രക്രിയക്കും നേതൃത്വം നല്‍കിയ കുടിയേറ്റക്കാരാണ് ബത്തേരിയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുളളതെന്ന് കാണാം. അങ്ങിനെയെത്തിയ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ പുതിയ ആരാധനാകേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നു. സുല്‍ത്താന്‍ബത്തേരിക്ക് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും പഞ്ചായത്തു രൂപീകരണത്തോടെ കൈവന്നിട്ടുണ്ട്. ഇത്തരത്തില്‍ പരിശോധിച്ചാല്‍ ചരിത്രത്തിന്‍റെ ഓരോ വികാസ ദശയിലും സുല്‍ത്താന്‍ബത്തേരി, സംസ്കാരങ്ങളുടെ സംഗമമായിരുന്നുവെന്ന് കാണാം. ഇന്നും പഴയ ചരിത്രത്തിന്‍റെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാക്ഷേത്രവും അസംപ്ഷന്‍ പളളിയും ഉദാഹരണങ്ങളാണ്. പടിഞ്ഞാറന്‍ സമതലങ്ങളില്‍ നിന്നും കേരളീയമായ ക്ഷേത്ര കേന്ദ്ര ഗ്രാമവ്യവസ്ഥയുടെ അസ്തിവാരത്തിലുയര്‍ന്ന അധികാര ഘടനയും മദ്ധ്യകാലഘട്ടത്തിനുണ്ടായി. വയനാടന്‍ മണ്ണിന്‍റെ ഉര്‍വരത വിഭാവന്വേഷികളെ ഇങ്ങോട്ട് ആനയിച്ചു. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുളളില്‍ ചിതറികിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍, തകര്‍ന്നു കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം പറയുന്ന കഥകള്‍ ഒന്നുതന്നെയാണ്. സുല്‍ത്താന്‍ബത്തേരിയുടെ പ്രാചീന ചരിത്രം അതിനെ സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.

സുല്‍ത്താന്‍ ബത്തേരിയുടെ സാംസ്കാരിക ചരിത്രപഠനം, ഇവിടുത്തെ തനതുസംസ്കാരം സൃഷ്ടിച്ച ഗോത്രവര്‍ഗ്ഗ സമൂഹത്തിന്‍റെ ചരിത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഏതാനും രാജാക്കന്മരുടെയോ, വാള്‍മുനകൊണ്ട് ചരിത്രം സൃഷ്ടിച്ച നാടുവാഴികളുടെയോ, ചരിത്രമല്ല സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രം. മറിച്ച് നവീന ശിലായുഗം മുതല്‍ ബത്തേരിയിലും പരിസര പ്രദേശങ്ങിലും പാര്‍പ്പുറപ്പിക്കുകയും സമ്പന്നമായ ഒരു സംസ്കാരം ഊട്ടി വളര്‍ത്തുകയും ചെയ്ത്, മാറി വന്ന സാഹചര്യങ്ങളില്‍ പുത്തന്‍ അധികാര ശക്തികളോടും സംസ്കാരങ്ങളോടും ഏറ്റുമുട്ടി അടിയറവു പറഞ്ഞ ആദിവാസികളും, ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലംതൊട്ട് അധിനിവേശ ശക്തികളുടെ ദല്ലാളന്‍മാരായി എത്തിയ ബ്രിട്ടീഷ് ഭരണവര്‍ഗ്ഗവും, 1930 മുതലുളള കുടിയേറ്റത്തിന്‍റെ പ്രവാഹത്തില്‍ ഇവിടെ എത്തിച്ചേര്‍ന്ന കുടിയേറ്റ ജനതയും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേയ്ക്കെത്തിയ കോളനിക്കാരും, പുതിയ വികസനത്തിന്‍റെ സൂത്രധാരന്മാരായി എത്തിയ ഉദ്ദ്യോഗസ്ഥവര്‍ഗ്ഗവും, എല്ലാം ചേര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തെ പൂര്‍ണ്ണമാക്കുന്നത്. ഇത്രയധികം സങ്കുലിതമായ ഒരു ചരിത്രം അധികം നഗരസഭകള്‍ക്കും അവകാശപ്പെടാന്‍ ആവില്ല.

മൃഗവേട്ടയും, വനവിഭവ ശേഖരണവും തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ഇവിടുത്തെ ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ കാലാകലങ്ങളില്‍ സംസ്ഥാനം ഭരിച്ച ഗവണ്‍മെന്‍റുകള്‍ പരിശ്രമിച്ചതിന്‍റെ ഫലമായി സാക്ഷരതമുതല്‍ വ്യവസായം വരെയുള്ള സാമൂഹിക മുന്നേറ്റത്തില്‍ ഒരു പരിധി വരെ നഗരജീവിതത്തിന്‍റെ പ്രതിബിംബങ്ങള്‍ ആ വിഭാഗത്തിന്‍റെ ജീവിതത്തിനുടനീളം കാണുവാന്‍ കഴിയും.